പ്രേതം !
കുടുംബ വീട്ടില്‍ ഒത്തുകൂടുമ്പോള്‍ രാത്രി കസിന്‍സൊക്കെ കൂടി താഴെ വിരിച്ച കിടക്കയില്‍ ചുറ്റിയിരുന്ന് പ്രേതകഥകള്‍ പറഞ്ഞ്/കേട്ട് പേടിച്ചവരും പേടിപ്പിച്ചവരും ആയിരിക്കുമല്ലോ അധികമാളുകളും ?...ഞങ്ങളും ചെയ്യാറുണ്ടായിരുന്നു ഈ പരിപാടി..ഒരു മൂന്നാല് വര്‍ഷം മുന്നെയായിരുന്നു അവസാനം ഇങ്ങനെ ഒത്തുകൂടിയത്...പ്രധാന പ്രേതകഥാ കാഥികനായിരുന്ന മൂത്ത കസിന്‍ ബാറ്റന്‍ കൈമാറി സ്വന്തം മുറിയില്‍ വിശ്രമജീവിതം നയിക്കാന്‍ തുടങ്ങിയതില്‍പ്പിന്നെ ഇത്തരം ഒത്തുകൂടലുകളില്‍ ബാക്കിയുള്ളോന്മാരെ കഥ പറഞ്ഞ് പേടിപ്പിക്കേണ്ട ചുമതല ഈയുളളവനായി...പിശാചിന്റെ കഥകള്‍, യക്ഷിക്കഥകള്‍, ജിന്നിന്റെ കഥകള്‍, പോസ്റ്റുമോര്‍ട്ടം കഥകള്‍, എന്നുവേണ്ട പേടിയും അറപ്പും ഉളവാക്കുന്ന കഥകള്‍ വായിച്ചതും കേട്ടതുമൊക്കെ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് പറഞ്ഞ് എന്റെ ജോലി ഭംഗിയായി നിര്‍വ്വഹിച്ചു പോന്നു..പേടിയെക്കാളുപരി കഥ ശ്രദ്ദിച്ചു കേട്ടിട്ട് ഇടയ്ക്ക് അതുമായി ബന്ധപ്പെട്ട് അവന്മാര് ഓരോന്ന് ചോദിക്കുന്നത് കേള്‍ക്കാനും വ്യക്തമാക്കി പറഞ്ഞ് കൊടുക്കാനും എനിക്ക് ഇഷ്ടമായിരുന്നു...
അങ്ങനെയൊരിക്കല്‍ അവസാനം ഒത്തുകൂടിയത് ചെറിയച്ഛന്റെ വീട്ടിലായിരുന്നു..റോഡിനോട് ചേര്‍ന്ന വീട്..റോഡെന്ന് പറഞ്ഞാല്‍ മെയിന്‍ റോഡൊന്നുമല്ല.. രണ്ടാമത്തെ നിലയിലെ സിറ്റൗട്ടിലായിരുന്നു പായവിരിച്ച് ഞങ്ങളൊക്കെ കിടന്നത്...അതിന് മുന്‍പ് ആ പ്രദേശവുമായി ബന്ധപ്പെട്ട് എല്ലാരും പറയുന്നൊരു കഥയുണ്ട് - പല രാത്രികളിലും അവിടെ ഒരു സ്ത്രീയുടെ നിലവിളി കേള്‍ക്കാം...(അവിടെങ്ങാണ്ട് ഒരു ചേച്ചി പണ്ട് തീകൊളുത്തി ആത്മഹത്യ ചെയ്തിട്ടുണ്ടായിരുന്നു..അതിന് ശേഷമാണ് ഈ നിലവിളി എന്നൊക്കെയാണ് ആളുകള്‍ പറയുന്നത് ! )..എന്തായാലും ഈ നിലവിളിക്കഥ അവിടെ പ്രചാരത്തിലുണ്ട്...ആ ഇനി കാര്യത്തിലേക്ക് വരാം...രാത്രി ഒരു മണി വരെയെങ്ങാണ്ട് എല്ലാരും വളഞ്ഞിരുന്നു പതിവുപോലെ പ്രേതകഥകള്‍ പറഞ്ഞു..കിടന്നു..നല്ല കൊതുകു കടിയുണ്ടായിരുന്നു..എപ്പോഴോ കണ്ണടഞ്ഞു...കുറച്ച് കഴിഞ്ഞപ്പോള്‍ പട്ടിയുടെ ഓരിയിടല്‍ ...ആദ്യമാദ്യം ചെറുതായിരുന്നു..പിന്നെ പട്ടികളുടെ എണ്ണം കൂടി...ശല്യം കാരണം ഞാനും ഒരു കസിനും എണീറ്റ് സിറ്റൗട്ടില്‍ നിന്ന് പട്ടികളെ ഓടിക്കാന്‍ നോക്കി..കുറച്ച് നേരം കല്ലെറിയുന്ന പോലൊക്കെ കാണിച്ചപ്പോ പട്ടികള്‍ പതിയെപ്പതിയെ വിടവാങ്ങി...വീണ്ടും വന്നു കിടന്നു..രണ്ടര കഴിഞ്ഞിരുന്നു..പട്ടിയുടെ ഓരിയിടല്‍ കാരണം എണീറ്റതും പോരാത്തേന് കൊതുക് കടിയും...പാതിയുറക്കത്തില്‍ തലവഴി പുതപ്പു മൂടി കിടക്കുവായിരുന്നു..പെട്ടെന്ന് ഒരു വിളി...ആരോ കരയും പോലെ ...(ഇങ്ങനെയൊരു കരച്ചില്‍- മനുഷ്യന്‍ കരയും പോലെ കഴിഞ്ഞ ഓണത്തിന് പൂവെടുക്കാന്‍ പോയി പുലര്‍ച്ചയ്‌ക്ക് മൂന്നു മണിക്കെങ്ങാണ്ട് തിരിച്ച് വീട്ടില്‍ വന്ന് അമ്മ എണീറ്റ് കതക് തുറക്കും വരെയും കേട്ടിരുന്നു..അന്നത് റെക്കോഡ് ചെയ്തത് ഫോണില്‍ കാണണം..നായയെങ്ങാണ്ടാവും അത്..കഥയിലേക്ക് വരാം) ..കുറച്ച് ദൂരെനിന്നാണ് ശബ്ദം...വ്യക്തമായി കേട്ടു...ആരോ നിലവിളിക്കും പോലെത്തന്നെയാണ്..ഒരു ഒന്ന് രണ്ട് മിനുട്ടിന് ശേഷം വീണ്ടും കേട്ടു..പേടി വീണുതുടങ്ങിയിരുന്നു മനസ്സില്‍..ചുറ്റുമുള്ള തെങ്ങിലൊക്കെ നോക്കി..വല്ല മരപ്പട്ടിയോ വല്ലോമാണോന്ന്..അല്ല...ഇത് ശരിക്കും ഒരു സ്ത്രീ നിലവിളിക്കും പോലെ... കമ്പിളി തലവഴി നന്നായി മൂടി..കാതോര്‍ത്തിരുന്നു...ദേ വീണ്ടും ആ അലര്‍ച്ച...ആരെയും വിളിക്കാന്‍ തോന്നീല..വീണ്ടും കുറച്ച് കഴിഞ്ഞ് അതേ വിളി..ഇത്തവണ ശബ്ദം കുറച്ചുകൂടി അടുത്ത് വരുന്ന പോലെ...വീണ്ടും കുറച്ചു കഴിഞ്ഞും കേട്ടു...തലച്ചോറിലേക്ക് ഒരു മിന്നലു പാഞ്ഞു..ദൈവമേ തോന്നലല്ല..! അത് അടുത്തടുത്ത് വരികയാണ്..നെഞ്ച് പടപടാന്ന് ഇടിക്കാന്‍ തുടങ്ങി...സിറ്റൗട്ടീന്ന് റോഡുകാണാം..ശബ്ദം ദേ അടുത്തെത്തി...ശ്വാസം മുട്ടുന്ന പോലെ..ശരിക്കും മരവിച്ചൊരവസ്ഥ...എങ്കിലും..എന്താണെന്നറിയാന്‍ പതിയെ കമ്പിളി അല്പം താഴ്ത്തി റോഡു നോക്കി...നോക്കിയപ്പോഴാണ് ജീവന്‍ നേരെ വീണത്...സംഗതി ആ ഏരിയയിലെ ഗൂര്‍ഖയാണ്.. ! ഒരു സൈക്കിളില്‍ പുള്ളി പതിയെ വരികയാണ്.. കൂടൊരു നായയുമുണ്ട്...വായിലിരിക്കുന്ന വായിലിരിക്കുന്ന വിസില്‍ ഇടയ്ക്കിടെ ആഞ്ഞ് ഊതുന്നുമുണ്ട് പുള്ളി..കേട്ടാല്‍ ആരോ കരയും പോലെ..ശരിക്കും അതായിരിക്കണം അന്നാട്ടില്‍ പല കഥകള്‍ക്കും കാരണമായ കരച്ചിലിന്റെ ഉറവിടം..മറ്റാരും ഇത് കണ്ടിട്ടുണ്ടാവില്ലേയെന്ന് ചോദിച്ചാല്‍ - ഉണ്ടാകാം..! എന്തായാലും എന്റെ ധൈര്യത്തില്‍ നാണം തോന്നീട്ട് ആരോടും പറയാതെ മിണ്ടാതെ കൊതുകുകടിയുമേറ്റ് എപ്പോഴോ കിടന്നുറങ്ങി...!
ശുഭം

👏👏Suspense thriller. . 😂😂😂ഞാൻ ഓർത്തു യക്ഷി വെള്ള സാരിയൊക്കെ ഉടുത്ത് ഗ്ലാമറായി വരുമെന്ന് ....ഗൂർഖ എല്ലാം തകർത്തു.. ....കൊള്ളാം ...Riyas sir... .Superrr👏🙌
ReplyDeleteEeeeee 😁
DeleteThankuuuuu ❤️
👏Climax twist kalakki 👏
ReplyDeleteനന്ദി 😁❤️
Delete